icon

 


എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കിലാണ് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആവോലി, ആരക്കുഴ, വാളകം, പായിപ്ര, കല്ലൂര്‍ക്കാട്, ആയവന, മഞ്ഞള്ളൂര്‍, മാറാടി എന്നീ എട്ടു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്. മൂവാറ്റുപുഴ, ആരക്കുഴ, വാളകം, മുളവൂര്‍, കല്ലൂര്‍കാട്, ഏനനല്ലൂര്‍, മഞ്ഞള്ളൂര്‍, മാറാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് 206.07 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് കൂവപ്പടി, വടവുകോട് ബ്ലോക്കുകളും, കിഴക്കുഭാഗത്ത് ഇടുക്കി ജില്ലയും കോതമംഗലം ബ്ലോക്കും, കോതമംഗലം മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് പാമ്പാക്കുട ബ്ലോക്കും, ഇടുക്കി ജില്ലയും, പടിഞ്ഞാറുഭാഗത്ത് വടവുകോട്, പാമ്പാക്കുട ബ്ലോക്കുകളുമാണു മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. സമുദ്രനിരപ്പില്‍ നിന്നും ശരാശരി 40 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മൂന്നുഭാഗവും ഉയര്‍ന്നും, മധ്യഭാഗം താഴ്ന്ന സമതല പ്രദേശത്തോടു കൂടിയതുമായ സമ്മിശ്ര ഭൂപ്രകൃതിയാണ് ഈ ബ്ലോക്ക് പഞ്ചായത്തിനുള്ളത്.